ഇന്ന് രാവിലെ തന്നെ ദു:ഖകരമായ ഒരു വാര്‍ത്ത കേട്ടു കൊണ്ടാണ് ദിവസം തുടങ്ങിയത്. വൈകാതെ തന്നെ മറ്റൊരു വാര്‍ത്തയും എത്തി. എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ വിട പറയല്‍
സൂര്യ ഗിരീഷ്
ടിവി ചാനലുകളില്‍ അദ്ദേഹത്തെ ഓര്‍മ്മിച്ചു കൊണ്ട് നിരവധി പ്രമുഖര്‍ സംസാരിക്കുന്നു. അപ്പോഴും അദ്ദേഹം പാടിയ കുറേ ഗാനങ്ങളും ഒപ്പം കാണാം. എത്ര തിരഞ്ഞിട്ടും പ്രിയപ്പെട്ടവയല്ലാത്ത ഒരു ഗാനം പോലും എനിക്ക് കാണാന്‍ സാധിച്ചില്ല. ഓരോ ഗാനവും അത്രമേല്‍ അത്രമേല്‍ അത്രമേല്‍ പ്രിയപ്പെട്ടവ തന്നെയാണ്. പ്രണയം, വിരഹം, വാശി, ദേഷ്യം, ഭക്തി ഏത് വികാരങ്ങളെ പോലും അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിലൂടെ അത്രമേല്‍ പ്രിയപ്പെട്ടതായിരുന്നു.
അഭിനേതാവ്, സംഗീത സംവിധായകന്‍, അവതാരകന്‍, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലെല്ലാം എസ്.പി.ബി അഥവാ ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം തിളങ്ങി. ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് എസ്.പി.ബാലസുബ്രഹ്‌മണ്യം ജനിച്ചത്. പാട്ട് പഠിച്ചിട്ടില്ലാത്ത എസ്.പി.ബി പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ പാടിയ ഗായകനായി മാറിയത് അദ്ഭുതകരമായി മാത്രമാണ് സംഗീത പ്രേമികള്‍ നോക്കിക്കാണുന്നത്. തെലുങ്ക് സംഗീതസംവിധായകന്‍ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ല്‍ അധികം ഗാനങ്ങള്‍ ആലപിച്ചു. മാത്രമല്ല ഏറ്റവുമധികം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡും അദ്ദേഹം നേടി.
നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍. ആറ് ദേശീയ അവാര്‍ഡുകള്‍ നേടി. സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തി കൂടിയാണ് എസ്.പി.ബി. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം, കര്‍ണാടക സര്‍ക്കാരിന്റെ കര്‍ണാടക രാജ്യോല്‍സവ അവാര്‍ഡ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു. പല സര്‍വകലാശാലകളും ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പല തവണ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിട വാങ്ങല്‍ എക്കാലവും സംഗീകപ്രേമികള്‍ക്കൊക്കെ ഒരു തീരാദു:ഖം തന്നെയായിരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ