വാഗമണ്ണിലേക്ക് പോകുമ്പോള്‍ ഈ സ്ഥലങ്ങളും സന്ദര്‍ശിക്കുക

 


എത്രവട്ടം പോയാലും വീണ്ടും വീണ്ടും പോകണമെന്ന് തോന്നുന്ന ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് വാഗമണ്‍. കോട്ടയം ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഗമണ്‍ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട ഹില്‍സ്റ്റേഷനാണ്. കോട്ടയത്ത് നിന്ന് 65 കിലോമീറ്റര്‍ താണ്ടിയാല്‍ വാഗമണ്ണിലെത്താം. എന്നാല്‍, കുട്ടിക്കാനം വഴി പോകാന്‍ താത്പര്യമുണ്ടെങ്കില്‍ അമ്മച്ചി കൊട്ടാരവും പാഞ്ചാലിമേടും വളഞ്ഞങ്ങാനം വെള്ളച്ചാട്ടവുമൊക്കെ കണ്ടു പോകാം. 

കൊച്ചിയില്‍ നിന്ന് വരികയാണെങ്കില്‍ പാലാ വഴിയും രാമപുരം വഴിയും വാഗമണ്ണിലെത്താം. കൊച്ചിയില്‍ നിന്ന് 98 കിലോമീറ്റര്‍ ദൂരമുണ്ട് വാഗമണ്ണിലേക്ക്. കോട്ടയത്തു നിന്നും വരുന്നവരും പാലായിലെത്തി ഭരണങ്ങാനം ഈരാറ്റുപേട്ട വഴി തീക്കോയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ പോകേണ്ടത്. വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടി ബോര്‍ഡുകള്‍ കാണാം. വാഗമണ്ണിലേക്ക് പോകുമ്പോള്‍ കൗതുകം പകരുക ഇവിടേക്കുള്ള വഴിയാണ്. തീക്കോടി വരെ സാധാരണ റോഡ് തന്നെയാണ്. എന്നാല്‍ പിന്നീട് വളഞ്ഞു പുളഞ്ഞ് ഒരു യാത്ര ആയിരിക്കും. ഒരു വശത്ത്  പാറക്കെട്ടുകളാണെങ്കില്‍ മറുവശത്തു നിങ്ങളുടെ ധൈര്യം പരീക്ഷിക്കുന്ന രീതിയില്‍ കൊക്ക ആണ്. എന്നാല്‍, മലകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടവുമൊക്കെ കണ്ടുള്ള യാത്ര അത്രയധികം ആസ്വാദകരമാണ്. 

വാഗമണിലേക്ക് പോകുമ്പോള്‍ സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങള്‍- 



ഇല്ലിക്കല്‍ കല്ല്

കോട്ടയത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. തീക്കോയ് നിന്ന് 6 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍. ഇല്ലിക്കല്‍ മലയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കല്‍ കല്ല് എന്ന് അറിയപ്പെടുന്നത്. മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന വലിയ പാറയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വഴി ടാറിട്ട് നന്നാക്കിക്കഴിഞ്ഞതോടെയാണ് സഞ്ചാരികളുടെ പ്രിയ സ്ഥലമായി ഇല്ലിക്കല്‍മല മാറിയത്.

ഇലവീഴാപ്പൂഞ്ചിറ

കോട്ടയത്തു നിന്നും 55 - 60 കി.മീ അകലെയായി വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായിക്കൊണ്ടിരിക്കുന്ന മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ. പേര് സൂചിപ്പിക്കുന്നത് പോലെ ഇലകള്‍ പൊഴിയാറില്ല എന്നത് തന്നെയാണ് ഇവിടുത്തെ പ്രത്യേകത. ഉദയാസ്തമയങ്ങള്‍ ദര്‍ശ്ശിക്കുവാന്‍ കേരളത്തിലെ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഇലവീഴാപൂഞ്ചിറ. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

മാര്‍മല വെള്ളച്ചാട്ടം

കോട്ടയം ജില്ലയില്‍, ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് മാര്‍മല വെള്ളച്ചാട്ടം. അപകടസാധ്യത ഏറെയുള്ള സ്ഥലംകൂടിയാണ് മാര്‍മല അരുവി വെള്ളച്ചാട്ടം. 40 അടി ഉയരത്തില്‍ നിന്ന് താഴേക്കു പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഈ വെള്ളച്ചാട്ടത്തിനു താഴെ പ്രകൃതിദത്തമായ തടാകമുണ്ട്. 30 അടിവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയില്‍ ചുറ്റപ്പെട്ടാണ് തടാകം ഉള്ളത്.

തങ്ങള്‍ പാറ

വാഗമണ്ണിലെ പ്രധാന ആത്മീയ കേന്ദ്രമാണ് തങ്ങള്‍ പാറ. നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ഗോളാകൃതിയിലുള്ള വലിയൊരു പാറയുണ്ടിവിടെ ഇതിനു മുകളിലാണ് ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമുള്ളത്. എല്ലാവര്‍ഷവും ഉറുസ് ഉല്‍സവസമയത്ത് ഒട്ടേറെയാളുകള്‍ ഇവിടെയെത്താറുണ്ട്.

കുരിശുമല 

വാഗമണ്‍ ടൗണില്‍ നിന്നും 10 കിലോമീറ്ററുണ്ട് കുരിശുമലയിലേയ്ക്ക്.  പാലായില്‍ നിന്നും 37.7 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. കേരളത്തിലെ  ഏറ്റവും പ്രശസ്തമായ കുരിശിന്റെ വഴി തീര്‍ത്ഥാടന കേന്ദ്രമാണ് വാഗമണ്ണിലെ കുരിശുമല.  കുരിശുമല ആശ്രമവും ഡയറി ഫാമുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.  ദു:ഖവെള്ളിയാഴ്ചയും വലിയ നോയമ്പ് കഴിഞ്ഞുള്ള പുതുഞായറാഴ്ചയും നിരവധി വിശ്വാസികളാണ് കുരിശിന്റെ വഴിയില്‍ പങ്കെടുക്കാനായി ഇവിടെ എത്തിച്ചേരുന്നത്. 

പരുന്തും പാറ

വാഗമണ്‍ യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒരു സ്ഥലമാണ് പരുന്തും പാറ. ഇടുക്കി ജില്ലയില്‍ കോട്ടയം കുമളി റൂട്ടില്‍ പീരുമേട് നിന്നും ഏകദേശം 6 കിലോമീറ്ററോളം മാത്രം അകലെയാണ് പരുന്തും പാറ. സിനിമാക്കാരുടെ ഇഷ്ട ലോക്കേഷനാണ് ഇവിടം. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങള്‍ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്. മൂടല്‍മഞ്ഞില്ലെങ്കില്‍ ശബരിമല-മകരവിളക്ക് ദിനത്തിലെ മകരജ്യോതി ദര്‍ശനവും ഇവിടുത്തെ പ്രത്യേകതയാണ്. 

മൊട്ടക്കുന്ന് 

Pine Forest

മൊട്ടക്കുന്നുകളും പൈന്‍ ഫോറസ്റ്റും 

വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് മൊട്ടക്കുന്നുകള്‍. പച്ചപുല്ലുകള്‍ നിറഞ്ഞ ഒരു പാട് ചെറുകുന്നുകളുടെ ശേഖരമാണ് മൊട്ടക്കുന്നുകള്‍.  ചെറിയൊരു തടാകവും ഇവിടെയുണ്ട്. പൈന്‍ ഫോറസ്റ്റാണ് മറ്റൊരു പ്രധാന ആകര്‍ഷണം. മൊട്ടക്കുന്നും പൈന്‍ ഫോറസ്റ്റും തമ്മില്‍ അഞ്ചു മിനിറ്റ് ദൂരം മാത്രമേയുള്ളു. മൊട്ടക്കുന്നും തട്ടുതട്ടായുള്ള പൈന്‍ ഫോറസ്റ്റും വാഗമണ്ണിലെ ഏറ്റവും മികച്ച വെഡ്ഡിങ് ഷൂട്ട് ലൊക്കേഷനും സിനിമ ലൊക്കേഷനും കൂടിയാണ്. 

സൂയിസൈഡ് പോയന്റ് 

വാഗമണ്ണിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാര ആകര്‍ഷണ കേന്ദ്രമാണ് സൂയിസൈഡ് പോയന്റ്. മൂണ്‍പാറയെന്നാണ് വാഗമണ്ണിലെ ആത്മഹത്യാമുനമ്പിന്റെ പേര്.  ട്രക്കിംങ്ങിന് പറ്റിയ സ്ഥലമാണ് പക്ഷേ അപകടസാധ്യത കൂടുതലുള്ള സ്ഥലംകൂടിയാണ് സൂയിസൈഡ് പോയന്റ്. ഇവിടെ നിന്നാല്‍ വാഗമണ്ണിലെ സമതലങ്ങളുടെ ഭംഗിയും ആസ്വദിയ്ക്കാം.   

ഞങ്ങൾ നടത്തിയ കോട്ടയം-പാഞ്ചാലിമേട്-വാഗമൺ യാത്ര .......

അഭിപ്രായങ്ങള്‍