കേരളത്തിലെ അതിപ്രശസ്തമായതും പരശുരാമനാല്‍ സ്ഥാപിതമായ 108 ശിവാലയങ്ങളില്‍ ഒന്നുമാണ് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ ശിവക്ഷേത്രം ഹൈന്ദവ വിശ്വാസികള്‍ക്കിടയിലും ശൈവ വിശ്വാസികള്‍ക്കിടയിലും ഏറെ പ്രശസ്തിയാര്‍ജിച്ച ഒന്നാണ്. ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കെടാവിളക്ക് കത്തിനില്‍ക്കുന്ന ക്ഷേത്രവും ഏഴരപ്പൊന്നാനപ്പുറത്ത് ഭഗവാന്‍ എഴുന്നള്ളുന്ന ക്ഷേത്രവും ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം തന്നെയാണ്. കുംഭമാസത്തിലെ ചതയദിനത്തില്‍ കൊടിയേറി തിരുവാതിര ദിനത്തില്‍ ആറാട്ടോടുകൂടി പത്തുദിവസമാണ് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നത്. എട്ടാം ഉത്സവദിനത്തില്‍ അര്‍ദ്ധരാത്രിയിലാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം.
പ്ലാവിന്റെ തടിയില്‍ ആനയുടെ രൂപം കൊത്തിയെടുത്ത് സ്വര്‍ണ്ണപ്പാളികള്‍ തറച്ചാണ് പൊന്നാനയെ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നടക്കുവെച്ചതാണ് ഏഴരപ്പൊന്നാനകളെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക. തിടമ്പിന് താഴെ മുന്‍ഭാഗത്തായി അരപ്പൊന്നാനയെ വയ്ക്കുന്നു.
ഐതിഹ്യം അനുസരിച്ച് ഏഴരപ്പൊന്നാനകള്‍ അഷ്ടദിക്ക് ഗജങ്ങളെ പ്രതിനിധീകരിക്കുന്നു. ഐരാവതം, പുണ്ഡീരകം, കൗമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാര്‍വഭൗമന്‍, വാമനന്‍ എന്നിവയാണ് ദിക്ക്ഗജങ്ങള്‍. വാമനന്‍ ചെറുതാകയാല്‍ അരപൊന്നാനയാകുകയാണ് ഉണ്ടായതത്രേ. ഐതിഹ്യങ്ങള്‍ പലതുണ്ടെങ്കിലും തിരുവിതാംകൂര്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് നടയ്ക്കു സമര്‍പ്പിച്ചതാണ് ഏഴരപ്പൊന്നാന എന്നാണ് വിശ്വാസം.
ഏറ്റുമാനൂര്‍ മഹാശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ എംസി റോഡിന്റെ സമീപത്താണ്. കോട്ടയത്തു നിന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലേക്ക് ഏകദേശം 11.7 കിലോമീറ്റര്‍ ദൂരമുണ്ട്. വൈക്കത്തു നിന്നും 31.9 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം ക്ഷേത്രത്തില്‍ എത്താന്‍.
ഈ വര്‍ഷം മാര്‍ച്ച് 3 ന് ആയിരുന്നു ഏഴരപ്പൊന്നാന ദര്‍ശനം. ഞങ്ങള്‍ കണ്ട കാഴ്ചകള്‍ താഴെ കൊടുത്തിരിക്കുന്ന വിഡിയോയില്‍ കാണാം.





അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ