സ്പാനിഷ് പാചക രീതിയിലെ ഒരു ക്ലാസിക്ക് വിഭവമാണ് ഓംലറ്റ്. ''പെയല്ല'' അല്ലെങ്കില്‍ ''ഗാസ്പാച്ചോ'' പോലുള്ള സ്പാനിഷ് ഡിഷുകള്‍ക്ക് പല പ്രാദേശിക വകഭേദങ്ങളുണ്ട്. എന്നാല്‍, രാജ്യത്തുടനീളം ഒരേ റെസിപ്പി ഉപയോഗിച്ചാണ് സ്പാനിഷ് ഓംലെറ്റ് തയ്യാറാക്കുന്നത്.
അതേസമയം, സ്‌പെയിനില്‍ ഇത് സ്പാനിഷ് ഓംലറ്റ് എന്ന് വിളിക്കപ്പെടുന്നില്ല, മറിച്ച് 'ടോര്‍ട്ടില്ല ഡി പറ്റാറ്റാസ്' അല്ലെങ്കില്‍ ചുരുക്കത്തില്‍ 'ടോര്‍ട്ടില്ല' എന്നാണ് ഇത് അറിയപ്പെടുന്നത്. സ്പാനിഷില്‍ 'ടോര്‍ട്ട' എന്നാല്‍ കേക്ക് എന്നും 'ടോര്‍ട്ടില്ല' എന്നാല്‍ ചെറിയ കേക്ക് എന്നും ആണ് അര്‍ഥം.
ഏറ്റവും വലിയ സ്പാനിഷ് ഓംലറ്റ് ?
ലോകത്തിലെ ഏറ്റവും വലിയ സ്പാനിഷ് ഓംലറ്റ്? 2014 ഓഗസ്റ്റ് 2 ന് വിറ്റോറിയയിലെ പ്ലാസ ഡി ലാ വിര്‍ജെന്‍ ബ്ലാങ്കയില്‍ ആണ് ഇത് തയ്യാറാക്കിയത്. 1,600 കിലോ ഉരുളക്കിഴങ്ങ്, 16,000 മുട്ട, 150 ലിറ്റര്‍ എണ്ണ, 26 കിലോ ഉള്ളി, 15 കിലോ ഉപ്പ് എന്നിവ ഉപയോഗിച്ച് ആണ് ഷെഫ് സെനന്‍ ഗോണ്‍സാലസിന്റെ നേതൃത്വത്തില്‍ 12 ഷെഫുകള്‍ ചേര്‍ന്ന് ഇത് ഉണ്ടാക്കിയത്. എന്നാല്‍, ഓംലെറ്റ് പല ഭാഗങ്ങളില്‍ പാകം ചെയ്ത് പിന്നീട് ഒരു പസില്‍ പോലെ അത് ചേര്‍ത്ത് വെച്ചതിനാല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ് ഇത് അംഗീകരിച്ചില്ല. പകരം ജപ്പാന് ആ ബഹുമതി നല്‍കി. ഒരു വര്‍ഷത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ടോര്‍ട്ടിലയാണ് വിട്ടോറിയയില്‍ ഉണ്ടാക്കിയതെന്ന് രണ്ട് അന്താരാഷ്ട്ര സംഘടനകള്‍ അംഗീകരിച്ചെങ്കിലും ഗിന്നസ് അത് ഇന്നും നിരസിക്കുന്നു.
സ്പാനിഷ് ഓംലറ്റ് എങ്ങനെ തയ്യാറാക്കാം
ചേരുവകള്‍
ഉരുളക്കിഴങ്ങ് - (1) ഒരു കപ്പ് ചെറുതായി അരിഞ്ഞത്
സവാള - ഒരു കപ്പ് ചെറുതായി അരിഞ്ഞത്
കാബേജ് - ഒരു കപ്പ് ചെറുതായി അരിഞ്ഞത്
മുട്ട - 4
എണ്ണ
കുരുമുളക് പൊടി - 1/2 tspn
ചീസ്
മല്ലിയില
തയ്യാറാക്കേണ്ട രീതി
പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. എണ്ണ ചൂടാക്കുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഇട്ടു കൊടുത്ത് ഒന്ന് സോഫ്റ്റാകുന്നതു വരെ ഇളക്കുക. ഉരുളക്കിഴങ്ങ് ഒന്ന് സോഫ്റ്റായി വരുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇട്ടു കൊടുക്കുക. സവാള ഒന്ന് ലൈറ്റ് ബ്രൗണ്‍ ആയി കഴിയുമ്പോള്‍ അരിഞ്ഞ് വെച്ചിരിക്കുന്ന കാബേജും ഇട്ടു കൊടുക്കുക. കുറച്ച് ഉപ്പ് കൂടി ഇട്ട് കാബേജ് ഒന്ന് സോഫ്റ്റാകുന്നതു വരെ നന്നായി ഇളക്കുക. എന്നിട്ട് ഇതൊരു ബൗളിലേക്ക് മാറ്റുക.
മറ്റൊരു ബൗളില്‍ നാല് മുട്ട പൊട്ടിച്ചു എടുക്കുക, അത് നന്നായി ഇളക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ കുരുമുളക് പൊടി ഇട്ട് വീണ്ടും ഇളക്കി യോജിപ്പിക്കുക. കുറച്ചു ഉപ്പും കൂടി ഇടുക. നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന സബ്ജി ഇതിലേക്ക് ചേര്‍ക്കുക. കുറച്ചു മല്ലിയിലയും കൂടി ഇട്ട് നന്നായി ഇളക്കുക.
വീണ്ടും ഒരു പാന്‍ എടുക്കുക, ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ചു കൊടുക്കുക. ചെറിയ തീയില്‍ വേണം പാചകം ചെയ്യാന്‍. ഇതിലേക്ക് നേരത്തെ തയ്യാറക്കി വെച്ച മിക്‌സ് പകുതി ഒഴിച്ച് കൊടുക്കുക. അതിന് മുകളിലായി ചീസ് ഇട്ടു കൊടുക്കുക. ശേഷം ബാക്കി മിക്‌സ് കൂടി ഒഴിച്ച് കൊടുക്കുക. രണ്ടു മൂന്ന് മിനിറ്റ് കഴിയുമ്പോള്‍ ഒന്ന് തിരിച്ച് ഇട്ട് മറുഭാഗം വേവിച്ചെടുക്കുക. രണ്ടു മിനിറ്റ് കഴിയുമ്പോള്‍ ഓംലറ്റ് റെഡി.
വിശദമായി മനസിലാക്കാന്‍ താഴെയുള്ള വിഡിയോ കാണുക

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ