മണ്‍റോ തുരുത്തും ; ജീവിതത്തിലെ മനോഹരമായൊരു സൂര്യാസ്തമയവും
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
(ജനുവരി 2020ൽ നടത്തിയ യാത്ര)
എല്ലാ ദിവസവും ഉദയവും അസ്തമയവും ഉണ്ടെങ്കിലും എന്നെ ഏറെ വിസ്മയിപ്പിച്ച അസ്തമയം കന്യാകുമാരിയിലേതായിരുന്നു. കടലിലേക്ക് ഉറങ്ങാന്‍ പോകുന്ന സൂര്യനെ തൊടാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് അപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. പിന്നീട് കണ്ടിട്ടുള്ളതില്‍ വെച്ച് മനോഹരമായി തോന്നിയത് മണ്‍റോ തുരുത്തിലെ സൂര്യാസ്തമയമായിരുന്നു. കായലിലൂടെ വള്ളത്തില്‍ പോകുമ്പോള്‍ നമ്മളെ അനുഗമിക്കുന്ന സൂര്യന്‍ സമയമാകുമ്പോള്‍ വിട പറഞ്ഞ് പോകുന്നത് കാണുമ്പോള്‍ എന്തൊക്കെയോ വികാരമാണ് മനസില്‍ തോന്നുന്നത്. പറഞ്ഞു വരുന്നത് മണ്‍റോ തുരുത്തിനെ കുറിച്ചു തന്നെയാണ്. മനോഹരമായ ഒരു വൈകുന്നേരത്തോടൊപ്പം തന്നെ കൊതിപ്പിക്കുന്ന ഒരു സൂര്യസ്തമയവും മണ്‍റോ തുരുത്ത് നിങ്ങള്‍ക്ക് സമ്മാനിക്കും. സൂര്യാസ്തമയും എങ്ങനെ കൊതിപ്പിക്കും എന്ന് സംശയം തോന്നിയെങ്കില്‍ ആ അനുഭവം മണ്‍റോ തുരുത്തെലെത്തിയാല്‍ നേരിട്ട് അനുഭവിക്കാമെന്ന് മാത്രമേ പറയാന്‍ സാധിക്കൂ
സൂര്യ ഗിരീഷ്
വൈകുന്നേരം തന്നെ നിങ്ങള്‍ ഇവിടെ എത്തണമെന്നാണ് ഞാന്‍ പറയുന്നത്. കാരണം കായലില്‍ വള്ളത്തില്‍ ചുറ്റിക്കറങ്ങാന്‍ വൈകുന്നേരത്തെ അന്തരീക്ഷം അത്ര മനോഹരമാണ്. നീണ്ടു കിടക്കുന്ന കായല്‍, തൊട്ടടുത്ത് തന്നെ കല്ലടയാര്‍ മണ്‍റോയെ മനോഹരിയാക്കുന്നത് ഇത് തന്നെയാണ്. മണ്‍റോ തുരുത്ത് തുടങ്ങുന്നിടത്ത് തന്നെ ഹൗസ് ബോട്ടുകളും, കെട്ടു വള്ളങ്ങളും കാണാം. ഹോം സ്റ്റേയും സാധ്യമാണ്. കുറേയധികം മുന്നോട്ട് യാത്ര ചെയ്താല്‍ നിരവധി വള്ളങ്ങള്‍ സര്‍വ്വീസ് നടത്തുന്നിടത്ത് എത്താം. ഇവിടെ വള്ളങ്ങള്‍ മാത്രമല്ല, കൊട്ടവഞ്ചിയും, പെഡല്‍ ബോട്ടുകളും ലഭ്യമാണ്. ഒരു മണിക്കൂര്‍ കായല്‍ ചുറ്റിയടിക്കുന്നതിന് 500 രൂപയാണ് ചാര്‍ജ്ജ്, രണ്ട് മണിക്കൂറിന് 1000 രൂപയുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ വൈറലാക്കാവുന്ന സേവ് ദി ഡേറ്റ് സംഭവങ്ങള്‍ക്കും വധു-വരന്മാര്‍ മണ്‍റോയെ തേടിയെത്തുന്നുണ്ട്.
500 രൂപയ്ക്ക് ഒരു വള്ളമെടുത്ത് ഞങ്ങളും യാത്ര തുടങ്ങി. ആദ്യം തന്നെ അഷ്ടമുടി കായലിലേക്കാണ് പ്രവേശിച്ചത്. ചെറിയ ഓളം തള്ളലുമായി കായല്‍ വിശാലമായി കിടക്കുന്നു. പ്രകൃതി ഒരുക്കിയ കണ്ടല്‍ ആര്‍ച്ചിനിടയിലൂടെ വള്ളം പോകുന്നത് രസകരമായ കാര്യമാണ്. വൈകുന്നേരമായതിനാല്‍ നല്ല കാറ്റുമേറ്റ് വള്ളത്തില്‍ ഇരുവശത്തേയും കാഴ്ചകളും കണ്ട് പോകാം. അഷ്ടമുടിക്കായലില്‍ നിന്ന് പുത്തനാറിലേക്കാണ് പിന്നീട് ഞങ്ങള്‍ യാത്ര ചെയ്തത്. പുത്തനാറില്‍ നിന്ന് ചെറിയ ചെറിയ തോടുകളിലൂടെയായി പിന്നീടുള്ള യാത്ര. വീടുകളും മത്സ്യക്കുളങ്ങളും കൃഷിയിടങ്ങളുമാണ് വശങ്ങളിലെ കാഴ്ചകള്‍. തോടുകള്‍ക്ക് കുറുകെ ഇടവിട്ടിടവിട്ട് പാലങ്ങള്‍ സ്ഥിതി ചെയ്യുന്നു. വള്ളത്തില്‍ ഇരിക്കുമ്പോള്‍ ഈ പാലങ്ങളില്‍ തല മുട്ടാതെ ശ്രദ്ധേിച്ചു വേണം പോകാന്‍. ചെറുവള്ളങ്ങള്‍ക്ക് മാത്രമേ ഈ തോടുകളിലൂടെ പോകാന്‍ സാധിക്കുകയുള്ളൂ.
മണ്‍റോ തുരുത്തിനെ കുറിച്ച്
കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് മണ്‍റോ തുരുത്ത്. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴില്‍. കൊല്ലം താലൂക്കില്‍ ചിറ്റുമല ബ്ലോക്കുപഞ്ചായത്തു പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണ് മണ്‍റോ തുരുത്ത്. 13.37 ച.കി.മീ. ആണ് ഈ പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം. ഇവിടെ എത്തുന്നതിനു് റോഡ്, റെയില്‍, ജലഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്. കൊല്ലത്തു നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്.
മണ്‍റോ തുരുത്ത് റെയിൽവേ സ്റ്റേഷൻ
1811നും 1815നുമിടയില്‍ തിരുവിതാംകൂറില്‍ ദിവാനായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ കേണല്‍ മണ്‍റോയുടെ പേരില്‍ നിന്നുമാണ് മണ്‍റോതുരുത്തിന് ആ പേര് ലഭിച്ചത്. മണ്‍റോ തുരുത്ത് പിന്നീട് മണ്ട്രോത്തുരുത്ത് എന്നും അറിയപ്പെട്ടു. കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മണ്‍റോത്തുരുത്ത്. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം.
കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന പുരവള്ളങ്ങളുടെ പൂര്‍വ്വരൂപമായിരുന്ന കെട്ടുവളളങ്ങള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ മണ്‍റോത്തുരുത്തില്‍ ധാരാളമായി ഉപയോഗിച്ചിരുന്നു എന്നാണ് അറിയുന്നത്. ഈ വള്ളങ്ങളില്‍ പാചകം ചെയ്യാനും കിടക്കാനും കെട്ടുറപ്പുള്ള ചെറിയ ഒരു മുറിയും ചരക്ക് കയറ്റുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. കൊപ്ര, കയര്‍, തേങ്ങ, വെളിച്ചെണ്ണ തുടങ്ങിയ വിപണന ഉല്‍പ്പന്നങ്ങള്‍ വലിയ കെട്ടുവള്ളങ്ങള്‍ ഉപയോഗിച്ചായിരുന്നു കച്ചവടത്തിനായി പുറംനാടില്‍ എത്തിച്ചിരുന്നത്. നീളന്‍ മുളകള്‍ ഉപയോഗിച്ച് ഊന്നിയും കാറ്റിന്റെ സഹായത്താല്‍ പായകെട്ടി ഓട്ടിയും ദിവസങ്ങളോളം യാത്രചെയ്യാന്‍ പര്യാപ്തമായിരുന്നു ഈ വള്ളങ്ങള്‍. ഇവിടെ നിന്നും കൊടുങ്ങല്ലൂര്‍ പൂരം കാണുവാന്‍ ആളുകള്‍ കുടുംബ സമേതം കെട്ടുവള്ളങ്ങളില്‍ പോകുന്ന പതിവുണ്ടായിരുന്നു. യാത്രകൾക്ക് മാത്രമല്ല, വെളളപ്പൊക്ക കാലങ്ങളില്‍ അഭയം കണ്ടെത്തുന്നതിനും ഇത്തരം വള്ളങ്ങളാണ് ഉപയോഗിച്ചിരുന്നത്.
ഞങ്ങളുടെ യാത്ര അവസാനിക്കുമ്പോള്‍ സൂര്യന്‍ അങ്ങകലെ അസ്തമിച്ചു കഴിഞ്ഞിരുന്നു. തോണിയാത്രയിലെ മനോഹരമായ ഒരു സൂര്യാസ്തമയം സമ്മാനിക്കാന്‍ മണ്‍റോ തുരുത്തിന് സാധിച്ചു. ഒരു ദിവസം ചിലവഴിക്കാന്‍ ഏത് സഞ്ചാരികള്‍ക്കും തിരഞ്ഞെടുക്കാവുന്ന ഇടമാണ് മണ്‍റോ തുരുത്ത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ